സമൂഹമാധ്യമങ്ങളിൽ ചിരിപ്പിച്ച ഹാഷിറും സംഘവും ഇപ്പോൾ ബിഗ് സ്ക്രീനിൽ നമ്മളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കോടികൾ നേടി മുന്നേറുകയാണ്. സവിൻ സാ സംവിധാനം ചെയ്ത വാഴ 2 എന്ന ചിത്രം 150 കോടി ക്ലബ്ബിൽ ഇടംപിടിച്ച് റിക്കാർഡുകൾ തകർക്കുമ്പോൾ നേരത്തെ ഹാഷിർ സമൂഹമാധ്യമത്തിൽ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അന്ന് വീഡിയോകളിലൂടെ ശ്രദ്ധേയമായപ്പോൾ പരിഹസിച്ചവർക്ക് തങ്ങൾ എന്തെങ്കിലുമാകും ഇല്ലെങ്കിൽ ഇവിടെ എവിടെയേലും കാണുമെന്ന ഹാഷിറിന്റെ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.
അന്ന് തന്നെ പരിഹസിച്ചവർക്ക് കാലം കാത്തുവെച്ച മറുപടിയാണ് ഈ വിജയമെന്നാണ് ആരാധകർ പറയുന്നത്.
രണ്ട് വർഷം മുൻപ് ഹാഷിറിനെയും സംഘത്തെയും മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് ഈ സംഭവം. ഒരു അഭിമുഖത്തിന് താഴെ വന്ന കമന്റുകൾ മുഴുവൻ ഇവരെ പരിഹസിക്കുന്നതായിരുന്നു.
‘ഇവരൊക്കെ ആരാണ്? ഇവരെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ മാത്രം എന്തുണ്ട്?’ എന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ചോദ്യം. തനിക്കെതിരെ വന്ന പരിഹാസങ്ങളോട് ഒട്ടും പ്രകോപിതനാകാതെയായിരുന്നു ഹാഷിറിന്റെ പ്രതികരണം.